Tuesday, July 24, 2012

മുടിയേറ്റ് (Anushtana Kalakal: Mudiyett)

അനുഷ്ഠാനകലകള്‍: മുടിയേറ്റ് (Anushtana Kalakal: Mudiyett)


ദുഷ്ട നിഗ്രഹവും ധര്‍മ്മ സ്ഥാപനവും കൊണ്ട് ലോകത്തില്‍ നന്മയുടെ വിത്ത് പാകി മുളക്കുന്നതിന് പല അവതാരങ്ങളും പുരാണങ്ങളിലും ഇതിഹാസങ്ങളിലും  കാണുന്നുണ്ട് . അങ്ങനെ ഒരു കാലത്ത് ദാരികന്‍ എന്ന അസുരനും സഹോദരനായ ദാനവനും കൂടി ലോകം അടക്കി ഭരിച്ച് ധര്‍മ്മത്തെ നശിപ്പിക്കുന്നതിനു ഒരുമ്പെട്ടപ്പോള്‍ അവരെ നിഗ്രഹിച്ച് ലോക നന്മക്കായി പ്രാര്‍തിച്ചവര്‍ക്ക് അഭയം നല്‍കി ദേവി പരാശക്തി ഭദ്രകാളിയായി അവതരിച്ചു. ആ കഥയുടെ രംഗ അവതരണമാണ്  മുടിയേറ്റ്. ദുരിത നിവാരണത്തിനും മഹാ വ്യാധി മോചനത്തിനും ഭക്തര്‍ നേരുന്ന വഴിപാട്‌ ആണ് ഇത്.

മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ പ്രീതിക്കുവേണ്ടി നടത്തുന്നു. മുടിയെടുപ്പ് എന്നും പേരുണ്ട്. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഇതിവൃത്തം. ശിവന്‍, നാരദന്‍, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രന്‍, കൂളി, കോയിമ്പിടാര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. പിന്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കനുസരിച്ച് നടന്‍മാര്‍ കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.

അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നാരദന്‍ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടര്‍ന്ന് ദാരികന്‍ പ്രവേശിക്കുന്നു. അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകല്‍, കലി ശമിപ്പിക്കല്‍, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങള്‍, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍.

പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ് മുടിയേറ്റ് അരങ്ങേറുന്നത്.
മുഖത്തെഴുത്ത് കരിയും ചായവും (ചുവപ്പ്) അരിമാവും കൊണ്ടുള്ളതാണ്. കഥക‌ളിയിലെ പെണ്‍കരിയുടെ വേഷവും ചില ആട്ടങ്ങ‌ളും മുടിയേറ്റില്‍നിന്നുതന്നെയാകണം രൂപം കൊണ്ടത്. മുടിയേറ്റില്‍ ഗഹനവും വ്യക്തവുമായ മുദ്രാസമ്പ്രദായം ഉള്ളതായി കണ്ടില്ല. “കണ്ടോ.. ഞാന്‍ നിന്നെ കൊല്ലുന്നുണ്ട്” എന്നത് മാത്രമാണ് കാളിയും ദാരികനും കാട്ടുന്ന ഏക മുദ്രാഭിനയം എന്ന് പറയാം. മുഖത്തെഴുത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ രൌദ്രം സ്ഥായിയാക്കുന്നു. മ‌റ്റൊരു ഭാവവും ഇല്ല തന്നെ.കഥാപാത്രങ്ങള്‍ക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേര്‍ത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയില്‍ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതു തന്നെ.  

അഭൂതപൂര്‍വ്വമായ ജന‌കീയതയാണ് മുടിയേറ്റിന്റെ പ്രത്യേകത. അനുഷ്ഠാന‌ത്തിന്റേയും ഭക്തിയുടേയും നിറഞ്ഞ സാന്നിധ്യം പ്രേക്ഷകനെ ന‌ടന്മാരോടൊത്ത് നടക്കാനും ഇടപെടാനും പ്രേരിപ്പിക്കുന്നു.കാളിയുടെ പുറപ്പാടിനു ഇരുവശത്തുനിന്നും ആര്‍പ്പുവിളിച്ച് ആവേശം കൂട്ടാന്‍ കുട്ടികളും യുവാക്കളും തിക്കിത്തിരക്കുകയാണ്. മ‌റ്റൊരു പ്രത്യേകത, മുടിയേറ്റ് ഒരിടത്ത് അടങ്ങിയിരുന്ന് കാണാന്‍ പറ്റുന്ന ഒരു കലാരൂപമ‌ല്ല. ഒരമ്പല‌പ്പറമ്പാകെ കാളിയുടേയും കൂളിയുടേയും ദാരികന്റെയും ദാനവേന്ദ്രന്റെയും നടനഭൂമികയാണ്. അവരുടെ സഞ്ചാര‌പഥങ്ങ‌ളിലെല്ലാം പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുന്നു. ചിരിക്കുന്നു. കൈകൂപ്പുന്നു. ആര്‍ത്തുവിളിക്കുന്നു. കൂവുന്നു. 

2010 ഡിസംബറില്‍ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയില്‍ ഇടം നേടി.

ദാരികനും ദാന‌വേന്ദ്രനുമായി യുദ്ധം ചെയ്യുന്ന ഭദ്രകാളി
 

4 comments: