Wednesday, July 25, 2012

കണ്യാര്‍ക്കളി (Anushtana Kalakal : Kanyar Kali)

അനുഷ്ഠാനകലകള്‍: കണ്യാര്‍ക്കളി  (Anushttana Kalakal : Kanyar Kali)

 


പാലക്കാട്‌ ജില്ലയിലെ ഒരു അനുഷ്ഠാനകലയാണ് കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ്‌ കണ്യാര്‍ക്കളി നടക്കുന്നത്‌.എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാര്‍കളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉര്‍വ്വരാരാധനാപരമാണ് കണ്യാര്‍കളി. ഭഗവതിക്ഷേത്രങ്ങളില്‍പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടിക്കൊണ്ടാണ് കളി. ചിലയിടങ്ങളില്‍ മൂന്നും ചിലയിടങ്ങളില്‍ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തിവരുന്നത്.ഈ നാടന്‍കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്. .ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്‌.ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ്‌ കണ്യാര്‍ക്കളി നടത്തുന്നത്‌.പന്തലിന്‌ ചില പ്രത്യേകതകളുണ്ട്‌.പന്തലിന്‌ എട്ടു കാലുകള്‍.ഒമ്പതാമത്തെ നടുക്ക്‌.ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും.

വട്ടക്കളി, പൊറാട്ടുകളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വരപ്രീതിയ്ക്കായുള്ള അനുഷ്ഠാനകലയാണ് വട്ടക്കളി എങ്കില്‍ നാടോടിനാടകാവതരണമാണ് പൊറാട്ടുകളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവര്‍ ഒന്നിച്ച് ആവേശപൂള്‍വ്വം പാടി, ചുവടുവെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നുവരും. ഇവരെ നയിച്ചുകൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നുതവണ പ്രദക്ഷിണംവെച്ച് കരക്കാര്‍ പൊറാട്ടുവേഷക്കാള്‍ക്കുവേണ്ടി കളിപ്പന്തല്‍ ഒഴിഞ്ഞുകൊടുക്കുന്നു.ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതില്‍ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യഭക്തരായ ആണ്ടികള്‍ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉള്‍ക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനാല്‍ വള്ളോര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.

 ഒരു കണ്യാര്‍കളി സംഘത്തില്‍ 6മുതല്‍ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.കേളികൊട്ട് കഴിഞ്ഞാല്‍ താളവട്ടം എന്ന പേരില്‍ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കല്‍ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാന്‍ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവപാര്‍വതി സ്തുതിയും മറ്റുചില ദേവീസ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്. 

ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ. 

ഗരുഡന്‍ തൂക്കം(Anushtana Kala : Garudan Thookkam)

അനുഷ്ഠാന കലകള്‍:  ഗരുഡന്‍ തൂക്കം(Anushtana Kala : Garudan Thookkam)

ദാരികവധത്തിനുശേഷം രക്തദാഹം തീരാത്ത കാളി കലിതുള്ളി നിന്നു.മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്ക്‌ പറഞ്ഞയച്ചു.ഗരുഡന്‍ നൃത്തം ചെയ്തു കാളിയുടെ കോപം അടക്കാന്‍ ശ്രമിച്ചു.ഗരുഡണ്റ്റെ ഏതാനും തുള്ളി രക്തം കിട്ടിയപ്പോഴാണ്‌ കാളിയുടെ കോപം ശമിച്ചത്‌-ഗരുഡന്‍ തൂക്കം എന്ന കലാരൂപത്തിന്‌ പശ്ചാത്തലമായ കഥയാണിത്‌.ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌.'തൂക്കം','വില്ലില്‍ തൂക്കം എന്നും പേരുണ്ട്‌.ഭദ്രകാളി പ്രീതിയാണ്‌ ലക്ഷ്യം.ചുണ്ടും ചിറകുമൊക്കെ വച്ചുകെട്ടിയ വേഷക്കാരെ തൂക്കക്കാരെന്നാണു പറയുക.ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ കയറും.പിന്നെ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വച്ച്‌ രക്തം ദേവിക്ക്‌ സമര്‍പ്പിക്കും.ഗരുഡന്‍ തൂക്കവുമായി സാദൃശ്യമുണ്ട്‌ 'ഗരുഡന്‍ പറവയ്ക്ക്‌'.ഈ കലാരൂപത്തിന്‌ ഗരുഡന്‍ പയറ്റ്‌ എന്നും പേരുണ്ട്‌.ആണ്‍കുട്ടികളാണ്‌ ഗരുഡന്‍പറവ്യ്ക്ക്‌ വേഷം കെട്ടുന്നത്‌. 
മുരുകന്‍ ക്ഷേത്രങ്ങളിലും ഗരുഡന്‍ തൂക്കം നടത്താറുണ്ട്‌.

വാദ്യങ്ങള്‍

താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.

കുട്ടിച്ചാത്തന്‍ കളം (Anushtana Kalakal:Kuttichathan kalam)

അനുഷ്ഠാനകലകള്‍: കുട്ടിച്ചാത്തന്‍ കളം (Anushtana Kalakal: Kuttichathan kalam)

ധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാനകലയാണ്‌ കുട്ടിച്ചാത്തന്‍ കളം.ഇതിന്‌ കുട്ടിച്ചാത്തനാട്ടം എന്നും പേരുണ്ട്‌.ആദ്യം വര്‍ണപ്പൊടികൊണ്ടു കുട്ടിച്ചാത്തണ്റ്റെ കളംവരയ്ക്കും.അതിനുശേഷം ഒരാള്‍ കുട്ടിച്ചാത്തനായി മാറുന്നത്‌ സങ്കല്‌പിച്ചു നൃത്തം ചെയ്യും.കൈയില്‍ വാള്‍ ഉണ്ടായിരിക്കും.തുള്ളുന്ന ആള്‍ക്ക്‌ പ്രത്യേക ഉടയാടകളും ആഭരണങ്ങളുമുണ്ട്‌.ചെണ്ടയാണു പ്രധാന വാദ്യം.നൃത്തത്തിനിടെ തുള്ളുന്ന ആള്‍ കോഴിയെ അറുത്തു ചോരകുടിക്കുന്ന പതിവുണ്ട്‌.

reference :http://artskerala.blogspot.in/Kuttichathan kalam

കുട്ടിച്ചാത്തന്‍ ഐതിഹ്യം

ശിവനും പാര്‍വ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തന്‍. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടര്‍ന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തന്‍ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തന്‍ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതില്‍ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തന്‍ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിര്‍ത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്‍മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തന്‍ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.ഉപദ്രവകാരിയായി നാട്ടിന്‍ നടന്ന ചാത്തനെ അടക്കാന്‍ ,കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി.

 

 

വേലകളി (Anushtana Kalakal : Velakali)

 അഷ്ഠാന കലകള്‍ :വേലകളി (Anushtana Kalakal : Velakali)

മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നുവേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി.
യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ്‌ ഇത്‌ അവതരിപ്പികുന്നത്‌.കുരുക്ഷേത്ര യുദ്ധത്തെ ര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ്‌ വേലകളി നടക്കാറ്‌.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്‌.മദ്ദളം,ഇലത്താളം,തപ്പ്‌,കുറുംകുഴല്‍,കൊമ്പ്‌ എന്നീ വാദ്യോപകരണങ്ങളാണ്‌ വേലകളിയില്‍ ഉപയോഗിക്കുന്നത്‌.  

മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.  

വേലകളിയുടെ ഐതിഹ്യം
ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.

വേഷവിധാനം

കളിക്കാന്‍ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാര്‍ത്തുന്നു. കരിയെഴുതി കണ്ണിമകള്‍ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങള്‍ ചാര്‍ത്തും.   പളുങ്കുമണികള്‍ കോര്‍ത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാര്‍ത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു  കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളില്‍ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോല്‍ (വസ്ത്രം; പുറകുവാന്‍ എന്നും അറിയപ്പെടുന്നു) അരയില്‍ പുറകിലായി കെട്ടും.
 
 അഭ്യാസരീതി
പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.

അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.
മറ്റു വേലകളികള്‍

അമ്പലപ്പുഴ വേല , ഓച്ചിറ വേലകളി



Tuesday, July 24, 2012

പാന (Anushtana Kalakal :paana)

അനുഷ്ഠാനകലകള്‍:പാന (Anushtana Kalakal :paana)

 ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തലില്‍ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും. കഠിനമായ വ്രതാചാരങ്ങള്‍ക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം, കുഴല്‍, കൊമ്പ്, പറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു പാലക്കൊമ്പ് പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും കുരുതിതര്‍പ്പണത്തിനും ശേഷം തിരിയുഴിച്ചില്‍ എന്ന ചടങ്ങു നടക്കുന്നു. പത്തോ പന്ത്രണ്ടോ പേര്‍ കയ്യില്‍ തീപ്പന്തങ്ങളുമേന്തി നടത്തുന്ന ഒരു സമൂഹനൃത്തമാണു് തിരിയുഴിച്ചില്‍. ഇതിനെത്തുടര്‍ന്നു്, പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തം പാനപിടുത്തം എന്നറിയപ്പെടുന്നു. ഇതിനുശേഷം തോറ്റംപാട്ടുകളുടെ ആലാപനമാണ്. തുടര്‍ന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും അരുളപ്പാടുകള്‍ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ സമാപനത്തിന്റെ ഭാഗമായി കനല്‍ച്ചാട്ടം എന്ന ആചാരവും പതിവുണ്ടു്


മുടിയേറ്റ് (Anushtana Kalakal: Mudiyett)

അനുഷ്ഠാനകലകള്‍: മുടിയേറ്റ് (Anushtana Kalakal: Mudiyett)


ദുഷ്ട നിഗ്രഹവും ധര്‍മ്മ സ്ഥാപനവും കൊണ്ട് ലോകത്തില്‍ നന്മയുടെ വിത്ത് പാകി മുളക്കുന്നതിന് പല അവതാരങ്ങളും പുരാണങ്ങളിലും ഇതിഹാസങ്ങളിലും  കാണുന്നുണ്ട് . അങ്ങനെ ഒരു കാലത്ത് ദാരികന്‍ എന്ന അസുരനും സഹോദരനായ ദാനവനും കൂടി ലോകം അടക്കി ഭരിച്ച് ധര്‍മ്മത്തെ നശിപ്പിക്കുന്നതിനു ഒരുമ്പെട്ടപ്പോള്‍ അവരെ നിഗ്രഹിച്ച് ലോക നന്മക്കായി പ്രാര്‍തിച്ചവര്‍ക്ക് അഭയം നല്‍കി ദേവി പരാശക്തി ഭദ്രകാളിയായി അവതരിച്ചു. ആ കഥയുടെ രംഗ അവതരണമാണ്  മുടിയേറ്റ്. ദുരിത നിവാരണത്തിനും മഹാ വ്യാധി മോചനത്തിനും ഭക്തര്‍ നേരുന്ന വഴിപാട്‌ ആണ് ഇത്.

മധ്യ-ദക്ഷിണകേരളത്തിലെ അനുഷ്ഠാനപരമായ നാടോടി നാടകരൂപം. ഭദ്രകാളിയുടെ പ്രീതിക്കുവേണ്ടി നടത്തുന്നു. മുടിയെടുപ്പ് എന്നും പേരുണ്ട്. അസുരനായ ദാരികനെ കാളി വധിച്ച കഥയാണ് മുടിയേറ്റിന്റെ ഇതിവൃത്തം. ശിവന്‍, നാരദന്‍, കാളി, രാക്ഷസരാജാവ്, ദാനവേന്ദ്രന്‍, കൂളി, കോയിമ്പിടാര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. പിന്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കനുസരിച്ച് നടന്‍മാര്‍ കാളി-ദാരിക യുദ്ധകഥ അഭിനയിക്കുന്നു. വീക്കുചെണ്ട, ഉരുട്ടു ചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.

അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചില്‍ എന്നിവയ്ക്കു ശേഷം കളം മായ്ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് മനുഷ്യര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ നാരദന്‍ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടര്‍ന്ന് ദാരികന്‍ പ്രവേശിക്കുന്നു. അതു കഴിഞ്ഞ് കാളിയും കൂളിയും വരുന്നു. കാളിയുടെ കലിയിളകല്‍, കലി ശമിപ്പിക്കല്‍, കോയിമ്പിടാരും വാദ്യക്കാരും തമ്മിലുള്ള സംവാദം, കൂളിയുടെ കോമാളി പ്രകടനങ്ങള്‍, കാളി - ദാരിക യുദ്ധം, ദാരികന്റെ ശിരച്ഛേദം എന്നിവയാണ് ഈ നാടോടി നാടകത്തിലെ മുഖ്യരംഗങ്ങള്‍.

പന്തങ്ങളുടെയും തീവെട്ടികളുടെയും വെളിച്ചത്തിലാണ് മുടിയേറ്റ് അരങ്ങേറുന്നത്.
മുഖത്തെഴുത്ത് കരിയും ചായവും (ചുവപ്പ്) അരിമാവും കൊണ്ടുള്ളതാണ്. കഥക‌ളിയിലെ പെണ്‍കരിയുടെ വേഷവും ചില ആട്ടങ്ങ‌ളും മുടിയേറ്റില്‍നിന്നുതന്നെയാകണം രൂപം കൊണ്ടത്. മുടിയേറ്റില്‍ ഗഹനവും വ്യക്തവുമായ മുദ്രാസമ്പ്രദായം ഉള്ളതായി കണ്ടില്ല. “കണ്ടോ.. ഞാന്‍ നിന്നെ കൊല്ലുന്നുണ്ട്” എന്നത് മാത്രമാണ് കാളിയും ദാരികനും കാട്ടുന്ന ഏക മുദ്രാഭിനയം എന്ന് പറയാം. മുഖത്തെഴുത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ രൌദ്രം സ്ഥായിയാക്കുന്നു. മ‌റ്റൊരു ഭാവവും ഇല്ല തന്നെ.കഥാപാത്രങ്ങള്‍ക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേര്‍ത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയില്‍ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതു തന്നെ.  

അഭൂതപൂര്‍വ്വമായ ജന‌കീയതയാണ് മുടിയേറ്റിന്റെ പ്രത്യേകത. അനുഷ്ഠാന‌ത്തിന്റേയും ഭക്തിയുടേയും നിറഞ്ഞ സാന്നിധ്യം പ്രേക്ഷകനെ ന‌ടന്മാരോടൊത്ത് നടക്കാനും ഇടപെടാനും പ്രേരിപ്പിക്കുന്നു.കാളിയുടെ പുറപ്പാടിനു ഇരുവശത്തുനിന്നും ആര്‍പ്പുവിളിച്ച് ആവേശം കൂട്ടാന്‍ കുട്ടികളും യുവാക്കളും തിക്കിത്തിരക്കുകയാണ്. മ‌റ്റൊരു പ്രത്യേകത, മുടിയേറ്റ് ഒരിടത്ത് അടങ്ങിയിരുന്ന് കാണാന്‍ പറ്റുന്ന ഒരു കലാരൂപമ‌ല്ല. ഒരമ്പല‌പ്പറമ്പാകെ കാളിയുടേയും കൂളിയുടേയും ദാരികന്റെയും ദാനവേന്ദ്രന്റെയും നടനഭൂമികയാണ്. അവരുടെ സഞ്ചാര‌പഥങ്ങ‌ളിലെല്ലാം പ്രേക്ഷകരും ഒപ്പം സഞ്ചരിക്കുന്നു. ചിരിക്കുന്നു. കൈകൂപ്പുന്നു. ആര്‍ത്തുവിളിക്കുന്നു. കൂവുന്നു. 

2010 ഡിസംബറില്‍ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയില്‍ ഇടം നേടി.

ദാരികനും ദാന‌വേന്ദ്രനുമായി യുദ്ധം ചെയ്യുന്ന ഭദ്രകാളി
 

കോതാമ്മൂരിയാട്ടം(Anushtana Kalakal:kothamooriyattam)

അനുഷ്ഠാന കലകള്‍ : കോതാമ്മൂരിയാട്ടം


ലയ സമുദായത്തില്‍ പെട്ടവര്‍ നടത്തുന്ന നര്‍ത്തന കലയാണിത്.ഗോദാവരി എന്ന ശബ്ദത്തിന്റെ നാടന്‍ ഉച്ചാരണമായ കോതാരി എന്നാല്‍ പശു അഥവാ പശുക്കൂട്ടം എന്നര്‍ത്ഥം പത്താമുദയത്തിനാരംഭിക്കുന്ന കോതാമ്മൂരിയാട്ടം രണ്ടോ,മൂന്നോ ആഴ്ച നിലനില്‍കുന്നു.പുരാണത്തില്‍ പരാമര്‍ശിക്കുന്ന ഗോധാവരിപശുവിനെ ആധാരമാക്കിയാണ് ഈ കലാരൂപം ഉടലെടുത്തത്.കണ്ണൂരിലും കാസര്‍ഗോഡുമുള്ള അപൂര്‍വ്വം കലാകാരന്മാര്‍ മാത്രമാണ് ഇന്ന് ഈ കലാരൂപം അവതരിപ്പിക്കുന്നത്.തുലാം, വൃശ്ചികമാസങ്ങളിലായി തെയ്യംകലാകാരന്മാരായ മലയസമുദായക്കാര്‍ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്.കൃഷി നന്നാവാനും പശുക്കള്‍ കൂടാനും കോതാമൂരിയാട്ടം നല്ലതാണെന്നാണ് വിശ്വാസം.

 ചടങ്ങുകളും രീതിയും

തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയ സമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. കോതാമൂരിയാവുന്നത് സാധാരണ ഒരു ആണ്‍ കുട്ടിയായിരിക്കും. ഒരു സംഘത്തില്‍ ഒരു കോതാമ്മൂരി തെയ്യവും (ആണ്‍കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും.തലയില്‍ മൂരിയുടെ (കൃഷിക്കുപയോഗിക്കുന്ന വരിയുടച്ച കാള) തലയുണ്ടാക്കി അരയില്‍ കെട്ടും. തലയില്‍ മുടിയുണ്ടാക്കിവെക്കും . മുഖത്ത് ചായം തേക്കും.രസികന്മാരാണ് പനിയന്മാര്‍. അവരാണ് തമാശപറയുന്നവര്‍. പനിയന്‍ എന്നാല്‍ പ്രിയപ്പെട്ട ആള്‍ എന്നാണര്‍ഥം. കണ്ണാമ്പാളവെച്ചു മുഖം മറയ്ക്കും . കുരുത്തോലകൊണ്ട് തലയിലും കാതിലും ചില അലങ്കാരപ്പണികള്‍ ചെയ്യും . അരയില്‍ കുരുത്തോല കെട്ടിത്തൂക്കും. മുഖം നോക്കതെ ഇവര്‍ ആരേയും പരിഹസിക്കുകയും ചെയ്യും.കന്നിക്കൊയ്ത്ത് കഴിഞ്ഞാല്‍ കോതാമൂരിയാട്ടക്കാരുടെ പുറപ്പാടായി. ജ-ന്മിമാരുടേയും കൃഷിക്കാരുടേയും വീട്ടിലവര്‍ പോകും. കിട്ടുന്നതെന്തും , ചിലപ്പോള്‍ കാണുന്നതെന്തൂം , അവര്‍ പ്രതിഫലമായി സ്വീകരിക്കും .ആക്ഷേപഹാസ്യം നിറഞ്ഞ പാട്ടുകള്‍ കോതാമൂരിയാട്ടത്തിന്‍റെ സവിശേഷതയാണ്. ആളുകളെ രസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം. അതുകൊണ്ട് കോതാമൂരിയാട്ടക്കാര്‍ പാട്ടുപാടുന്നതിനോടൊപ്പം പല കളളവും പറയാറുണ്ട്. ചിലപ്പോഴത് അതിരുവിട്ട പരിഹാസമായിപ്പോലും തീരുന്നു. 
വേഷവിധാനം
തലയില്‍ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയില്‍ കോതാരിത്തട്ട് ബന്ധിക്കുന്നു.  ഓലമെടഞ്ഞ് മടക്കി, ചുവപ്പുപട്ടില്‍ പൊതിഞ്ഞ്, മുന്‍ പില്‍ പശുവിന്റെ തലയുടെ രൂപവും പിന്നില്‍ വാലും ചേ\ര്‍ത്തതാണ് കോതാരിത്തട്ട്. ഇത് അരയിലണിഞ്ഞ് അതിന്റെ ഇരുവശത്തുമുള്ള ചരട് ചുമലിലിടും.

കോതാമ്മൂരി പാട്ട്

ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാനപാട്ടാണ് ..ചെണ്ടയാണ് വാദ്യം.ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്.വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. ആക്ഷേപഹാസ്യം നിറഞ്ഞ പാട്ടുകള്‍ കോതാമൂരിയാട്ടത്തിന്‍റെ സവിശേഷതയാണ്. ആളുകളെ രസിപ്പിക്കുകയാണിതിന്‍റെ ലക്ഷ്യം. അതുകൊണ്ട് കോതാമൂരിയാട്ടക്കാര്‍ പാട്ടുപാടുന്നതിനോടൊപ്പം പല കളളവും പറയാറുണ്ട്. ചിലപ്പോഴത് അതിരുവിട്ട പരിഹാസമായിപ്പോലും തീരുന്നു. 



കുറച്ചു വര്‍ഷം മുന്‍പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല .