അനുഷ്ഠാന കലകള്‍ : തെയ്യവും തിറയും
കേരളീയ സമൂഹത്തിന്റെ നവരൂപകങ്ങളെ വിശകലനം ചെയ്യുമ്പോള് അവയുടെ രൂപാന്തരത്തില് ചരിത്രവും കാലവും വഹിച്ച
പങ്ക് നമ്മുടെ ജീവിത സ്വരൂപത്തോടു
തന്നെ തുല്യമായി നില്കൂന്നതാണ്. പ്രാചീനകാലത്തെ സമൂഹികജീവിതതിന്റെ പ്രതിഫലനങ്ങളായിരുന്നു നാടന്‍ കലകള്‍ . ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട്
ഉണ്ടായവയാണ് അവയില്‍ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ
ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും
നാടന്‍ കലകള്‍ക്കു കഴിഞ്ഞു. പല
നാടന്‍ കലകളും അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള
ഉപാധികളായി മാറ്റപ്പെട്ടു
ഭാരതീയരുടെ
ജീവിതത്തില് എന്നും കലകള്ക്ക് വലിയ
സ്ഥാനമാണുള്ളത്. സാഹിത്യം, സംഗീതം, കല എന്നിവയൊന്നും ഇഷ്ടപ്പെടാത്ത
ആളുകള് വാലും കൊമ്പുമില്ലാത്ത മൃഗങ്ങളാണ് എന്ന് ഋഷിവര്യന്മാര് പറഞ്ഞതിനു
കാരണവും അതാവാം."ദുഖിതര്ക്കൂം അധ്വാനം
കൊണ്ട് തളര്ന്നവര്ക്കൂം തപസ്വികള്ക്കൂം ആസ്വദിക്കാന് കഴിയുന്നതും ആശ്വാസമേകുന്നതുമാവണം കലകള്"-നാട്യ ശാസ്ത്രം എഴുതിയ ഭരതമുനിയാണ് ഇങ്ങനെ പറയുന്നത്. കലകളെ പ്രധാനമായും രണ്ടായി തിരിക്കാം-ശാസ്ത്രീയകലകള് നാടന് കലകള് എന്നിങ്ങനെ.
തനതായ കേരളീയ കലകളെ ദൃശ്യം, ശൃവ്യം,
എന്നു രണ്ടായി തരം തിരിക്കാം.
ശൃവ്യകല സംഗീതവും
കഥാപ്രസംഗവും
ഉള്‍പ്പെടുന്നു.കേരളീയ രംഗകലകളെ
മതപരം,
വിനോദം,
സാമൂഹികം,
കായികം
എന്നിങ്ങനെ
വേര്തിരിക്കാം.
മതപരമായ
കലകളില് ക്ഷേത്രകലകളും അനുഷ്ഠാനകലകളും
ഉള്‍പ്പെടും.
തെയ്യവും തിറയും
ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള മുഖ്യ അനുഷ്ഠാനകലകളിള്‍ല് ഒന്നാണു് തെയ്യവും തിറയും. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതല്‍തെക്കോട്ട് തിറയാട്ടം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം
എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ
അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ
അനുഷ്ഠാനം എന്നിവ ഇടകലന്നുകാണുന്നു.
വടക്കന്‍
കേരളത്തിലെ അനുഷ്‌ഠാന കലകളാണ് തെയ്യവും തിറയും. മനുഷ്യര്‍ ദേവതാരൂപം
ധരിച്ച് നടത്തുന്ന അനുഷ്‌ഠാന നര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ
വ്യത്യസ്‌ത നാമങ്ങളില്‍ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും
ഒന്നുതന്നെയാണ്. എന്നാല്‍ അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. തെയ്യം എന്ന
വാക്കിനര്‍ത്ഥം ദൈവം എന്നുതന്നെയാണ്. ദൈവങ്ങളുടെ കോലം ധരിച്ച് മനുഷ്യര്‍
ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍
നല്‍കുകയും ചെയ്യുന്നു. 'സ്ഥാനം' എന്നറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും
തറവാടുകളിലുമാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. കാവ്, അറ, പള്ളിയറ,
മുണ്ട്യ, താനം, കോട്ടം തുടങ്ങിയ പല പേരുകളില്‍ 'സ്ഥാന'ങ്ങള്‍
അറിയപ്പെടുന്നു. ഇവിടങ്ങളില്‍ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ്
കളിയാട്ടം എന്നു പറയുന്നത്. അത്യുത്തര കേരളത്തില്‍ കോലം എന്നാണ്
തെയ്യത്തിനു പേര്.
അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ്
തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണ്ണരും
വണങ്ങി നില്‍ക്കുന്നു. അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ
ദര്‍ശിക്കുകയാണ് ഭക്തജനങ്ങള്‍ ചെയ്യുന്നത്. തെയ്യത്തിലും തിറയിലും
പ്രത്യക്ഷപ്പെടുന്ന ദൈവങ്ങള്‍ വൈദിക സങ്കല്‌പത്തില്‍പ്പെട്ടവരല്ല.
മനുഷ്യര്‍ പോലും തെയ്യങ്ങളായി മാറുന്നു. വടക്കന്‍ പാട്ടിലെ വീരനായകനായ
ഒതേനന്റെ തെയ്യം പോലുമുണ്ട്. ദുര്‍മന്ത്രവാദിയായിരുന്ന ഒരു മുസ്‌ലീം
ദുര്‍മരണത്തിനിരയായി തെയ്യമായി മാറിയതാണ് 'ആലിഭൂതം'. മാപ്പിളത്തെയ്യങ്ങള്‍
മാത്രമല്ല, പുലിവേട്ടയ്‌ക്കിടയില്‍ മരിച്ച വീരനും (കരിന്തിരി നായര്‍)
രണ്ടു പെണ്‍പുലികളും (പുള്ളിക്കരിങ്കാളി, പുലിയൂര്‍ കാളി) തെയ്യമായി
ആരാധിക്കപ്പെടുന്നു. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ് ഈ
തെയ്യങ്ങള്‍.
ദേവതകള്‍
വ്യത്യസ്‌ത
ജാതികളുടെയും ഗ്രാമങ്ങളുടെയുമൊക്കെ പരദേവതകളാണ് പ്രധാന തെയ്യങ്ങളെല്ലാം.
ചില തെയ്യങ്ങളാകട്ടെ തറവാട്ടു പരദേവതകളും. പുരുഷദേവതകളും സ്‌ത്രീദേവതകളും
ഇക്കൂട്ടത്തിലുണ്ട്.
മുച്ചിലോട്ടു
ഭഗവതി, വിഷ്‌ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, അങ്കദൈവം, അണ്ടല്ലൂര്‍
ദൈവം, അസുരാളന്‍, ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആലിത്തെയ്യം,
ഊര്‍പ്പഴച്ചി, ഒറവങ്കര ഭഗവതി, കണ്ടനാര്‍ കേളന്‍, കതുവന്നൂര്‍ വീരന്‍,
കന്നിക്കൊരു മകന്‍, വേട്ടയ്‌ക്കൊരു മകന്‍, കയറന്‍ ദൈവം, കരിങ്കാളി,
കരിന്തിരിനായര്‍, കാരന്‍ ദൈവം, കാള രാത്രി, കോരച്ചന്‍ തെയ്യം,
ക്ഷേത്രപാലന്‍, കുരിക്കള്‍ത്തെയ്യം, തെക്കന്‍ കരിയാത്തന്‍, നാഗകന്നി,
പടവീരന്‍, നാഗകണ്‌ഠന്‍, പുലിമാരുതന്‍, പുലിയൂരു കണ്ണന്‍, പെരുമ്പുഴയച്ചന്‍,
ബാലി, ഭദ്രകാളി, ഭൈരവന്‍, മാക്കഭഗവതി, മാരപ്പുലി, മുന്നയരീശ്വരന്‍,
കുലവന്‍, വിഷ കണ്‌ഠന്‍, വെളുത്ത ഭൂതം, വൈരജാതന്‍, കുട്ടിച്ചാത്തന്‍,
പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി,
പഞ്ചുരുളി, കണ്‌ഠകര്‍ണന്‍, മലങ്കുറത്തി, ധൂമാഭഗവതി, പുള്ളിച്ചാമുണ്ഡി,
ബപ്പിരിയന്‍, അയ്യപ്പന്‍, പൂമാരുതന്‍, പുതിയ ഭഗവതി, വസൂരിമാല, കരുവാള്‍,
നാഗകാളി, മലങ്കാരി, പൂതാടി, മാര്‍പ്പുലിയന്‍, അങ്കക്കാരന്‍, തീത്തറ ഭഗവതി,
ഉണ്ടയന്‍, പാമ്പൂരി കരുമകന്‍, ചോരക്കളത്തില്‍ ഭഗവതി, പേത്താളന്‍,
കാട്ടുമടന്ത, മന്ത്രമൂര്‍ത്തി, കാരണോര്‍, കമ്മിയമ്മ, പരാളിയമ്മ,
വീരമ്പിനാറ്, മല്ലിയോടന്‍, നേമം ഭഗവതി, ബില്ലറ, ചൂട്ടക്കാളി, കാലചാമുണ്ഡി
തുടങ്ങിയ ഒട്ടേറെ തെയ്യം
തിറകളുണ്ട്.
തെയ്യക്കോലങ്ങള്‍ കെട്ടുന്ന
സമുദായങ്ങളില്‍പ്പെട്ടവര്‍
വണ്ണാന്‍,
മലയന്‍, പാണന്‍, മാവിലന്‍, ചെറവന്‍, ചിങ്കത്താന്‍, കോപ്പാളന്‍, പുലയന്‍,
കളനാടി, പെരുമണ്ണാന്‍, തുളുവേലന്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍ തുടങ്ങിയ
സമുദായങ്ങളില്‍പ്പെട്ടവരാണ്
തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. ഓരോ സമുദായവും തോറ്റം, ചമയം, നിറങ്ങള്‍, നൃത്തരീതി തുടങ്ങിയവയില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു.
ചമയങ്ങള്‍
തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്.
കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ
അലങ്കരണങ്ങള്‍കാരണമാകുന്നു.. അരിച്ചാന്ത്, മഞ്ഞള്, കടും
ചുവപ്പു മഷി, മനയോല,
ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്.
കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും
ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും വ്യത്യാസം
കാണും. വേലന്‍, കോപ്പളന്‍ തുടങ്ങിയ
സമുദായക്കാരുടെ തെയ്യങ്ങള്‍ക്കെല്ലാം മുഖത്തു
തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ
മുത്തപ്പന്‍ തെയ്യം, കക്കരഭഗവതി, കുറുന്തിനി
ഭഗവതി, പുതിയ്യോന്‍ തെയ്യം തുടങ്ങിയവയ്ക്ക്
മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാല്‍,
മറ്റു തെയ്യങ്ങള്‍ക്കെല്ലാം മുഖത്തെഴുത്തുണ്ടാകും.
മുഖത്തെഴുത്ത് പല പേരുകളിലാണ്
അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി,
പാടാന്‍കുളങ്ങര ഭഗവതി
തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് 'കുറ്റിശംഖും പ്രാക്കും'
എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി
വച്ചാടുന്ന തെയ്യങ്ങള്‍ക്കാണ് 'പ്രാക്കെഴുത്ത്'
എന്ന പേരിലുള്ള മുഖത്തെഴുത്തു
വേണ്ടത്. നരമ്പിന്‍ ഭഗവതി, അങ്കകുളങ്ങര
ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങള്‍ക്ക് 'വൈരിദളം' എന്ന
മുഖത്തെഴുത്തായിരിക്കും. 'മാന്‍കണ്ണെഴുത്തു'ള്ള തെയ്യങ്ങളാണ്
ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാന്‍കണ്ണും വില്ലുകുറിയും' എന്ന
പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി,
പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാര്‍കേളന്‍, വീരന്‍ തുടങ്ങിയ
തെയ്യങ്ങള്‍ക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്.
'ഹനുമാന്‍കണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ്
ബാലി. പൂമാരുതന്‍, ഊള്പ്പഴച്ചി,
കരിന്തിരി നായര്‍ എന്നീ തെയ്യങ്ങളുടെ
മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്'
എന്ന പേരില്‍ അറിയപ്പെടുന്നു.
കൊടും പുരികവും കോയിപ്പൂവും എന്ന
മുഖത്തെഴുത്ത് വിഷ്ണുമൂര്‍ത്തി തെയ്യത്തിനാണു
കാണുന്നത്. വയനാട്ടു കുലവന്‍ തെയ്യത്തിന്
'വട്ടക്കണ്ണിട്ടെഴുത്താ'ണ്
മുടി
'മുടി'യാണ് തലച്ചമയങ്ങളില്‍ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ്
മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം.
മുടിയെറ്റുക എന്നും തെയ്യം തുദങുന്നതിനു പരയും താഴെ പറയുന്നവയാണു് ആണ്
സാധാരണ മുടികള്‍
അരച്ചമയങ്ങള്
അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്ഥമായിരിക്കും.
പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങള്‍ക്കെല്ലാം 'ചിറകുടുപ്പ്' എന്ന
അരച്ചമയമാണ് വേണ്ടത്. 'വെളുമ്പന്‍ എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളില്‍
ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി
എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു.
'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലര്‍, മുച്ചിലോട്ടു ഭഗവതി,
കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങള്‍ക്കു
കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും
തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള
തെയ്യങ്ങളുമുണ്ട്. പൊട്ടന്‍ തെയ്യം,
ഗുളികന്‍ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാന്‍ക്കും ഒലിയുടുപ്പ്
കാണും.വിഷ്ണൂമൂര്‍ത്തിക്ക് വലിയ കുരുത്തോലകൊണ്ടുണ്ടാക്കും. ചില
പുരുഷദേവതകള്‍ക്ക് 'ചെണ്ടരയില്‍ക്കെട്ട്', 'അടുക്കും കണ്ണിവളയല്‍എന്നീ
പേരുകളിലുള്ള ചെറിയ 'വട്ടൊട'കള്‍ കാണാം. ചില തെയ്യങ്ങള്‍ക്ക് ഒട്ടിയാണം,
കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി
ഉപയോഗിച്ചുവരാറുണ്ട്.
ചടങ്ങുകളും അനുഷ്ഠാനങ്ങളും:
തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും
ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും
കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയില്‍ വൈവിധ്യമുളവാക്കുന്ന
ഘടകങ്ങളാണ്.
തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി
നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാന്‍ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ് ഈ
ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി
കോലക്കാരന് സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്
പറഞ്ഞേല്‍പിക്കും.
ചില തെയ്യങ്ങ
ള്‍ക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട
കോലങ്ങളാണെങ്കില്‍ വ്രതാനുഷ്ഠാനം അതോടെ ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും
കോലക്കാരനുമെല്ലാം വ്രതശുദ്ധിയോടെയിരിക്കണം. തെയ്യങ്ങള്‍ക്കുമുന്നേ
അനുഷ്ഠിക്കേണ്ട വ്രതത്തിന് ദിവസവ്യത്യാസമുണ്ട്. മൂന്നു ദിവസം, അഞ്ചു
ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ് സാധാരണ വ്രതാനുഷ്ഠാനത്തിന്റെ ദിവസാക്രമം.
തെയ്യം കൂടല്‍
തെയ്യാട്ടം ആരംഭിക്കുന്നതിന് തലേന്നാള്‍ തന്നെ കോലക്കാരനും
വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ
വാദ്യങ്ങള്‍ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്ന ഈ
ചടങ്ങിന് തെയ്യം കൂടല്‍എന്നാണ് പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോ ഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും.ആതിനു ശേഷം കൊടിയിലത്തോറ്റം
കാണും. തെയ്യം കെട്ടുന്ന കോലക്കാരന്‍ ദേവതാസ്ഥാനത്തു മുന്നില്‍
ചെന്ന് നിന്ന്
അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. 'അന്തിത്തോറ്റം'
സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകള്‍ക്കു
'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം
തുടങ്ങുന്നതറിയിക്കാന്‍ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി
ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കില്‍ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം
തളിക്കും. പള്ളിയറയില്‍ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലി
ല്‍ വെയ്ക്കുന്നതോടെ അണിയറ സജീവമാവും
വെള്ളാട്ടം
തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം.
തെയ്യാട്ടത്തിനു തലേദിവസം കോലക്കാരന്‍ ലഘുവായ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി
പാട്ടുപാടുകയും അതിന്റെ അന്ത്യത്തില്‍ ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്യുകയും
പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ
കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക.
'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം
(തോറ്റക്കാരന്‍)പാടുന്ന അനുഷ്ഠാനഗാനം
തോറ്റം പാട്ട്
തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ
പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകള്‍ക്ക് തോറ്റംപാട്ടുകള്‍ എന്നാണു
പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം.
വരവിളിത്തോറ്റം, സ്തുതികള്‍, കീര്‍ത്തനങ്ങള്‍, അഞ്ചടിത്തോറ്റം, മൂലത്തോറ്റം,
പൊലിച്ചുപാട്ട്, ഉറപ്പിന്‍ത്തോറ്റം തുടങ്ങിയ ഘടകങ്ങള്‍ ഈ
തോറ്റംപാട്ടുകള്‍ക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങള്‍മുഴുവന്‍
കണ്ടുവെന്നുവരില്ല.