Wednesday, July 25, 2012

കുത്തിയോട്ടം(Annshtana Kalakal :Kuthiyottam)

അനുഷ്ഠാനകകലകള്‍: കുത്തിയോട്ടം(Annshtana Kalakal :Kuthiyottam)

 
ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലെയും ഭദ്രകാളീക്ഷേത്രങ്ങളിലെയും ഒരു അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം,ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തുടങ്ങി പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ചിറയന്‍ കീഴ്‌,മങ്കൊമ്പ്‌ എന്നിവിടങ്ങളില്‍ കുത്തിയോട്ടം നടത്താറുണ്ട്‌.കുംഭമാസം മുതലാണ്‌ കുത്തിയോട്ടം അരങ്ങേറുന്നത്‌.ഇതു ഭക്തജനങ്ങള്‍ ദേവിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ്.   ദേവീക്ഷേത്രങ്ങളിലെ ഒരു പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഭദ്രകാളീക്ഷേത്രങ്ങളില്‍ പണ്ട് നരബലി നല്‍കിയിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ആചാരമാണിത്. നാട്ടുകാരായ രണ്ട് ബാലന്മാരെയാണ് ഇതിന് തിരഞ്ഞെടുക്കുക. എട്ടിനും പതിനാലിനും ഇടയിലായിരിക്കും പ്രായം. അവര്‍ക്ക് ഉത്സവത്തിന് കുറച്ചു ദിവസം മുന്‍പ് നൊയമ്പാണ്. വൈകുന്നേരം കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടില്‍ വച്ച് ഇവരെ ചുവടുകള്‍ പരിശീലിപ്പിക്കും. ഉത്സവത്തിന്റെയന്ന് രാവിലെ ഇവരെ അണിയിച്ചൊരുക്കി താളമേളങ്ങളോടെ ചുവടുവച്ച് അമ്പലത്തിലേക്ക് ആനയിക്കും. പട്ടുടുപ്പിച്ച് അതിനു പുറമേ വാഴയില വാട്ടിയത് ഉടുപ്പിക്കും. കണ്ണെഴുതി മുഖത്തെല്ലാം ചുട്ടികുത്തും. മുത്തുക്കുടകളും, താലപ്പൊലിയേന്തിയ കുമാരിമാരും, അലങ്കരിച്ച ഗജവീരന്മാരും അകമ്പടി കാണും. രണ്ടുപേരുടേയും തലയില്‍ തൊപ്പി വച്ച് ഒരു പേനാക്കത്തിയില്‍ കുത്തി നിറുത്തിയ അടയ്ക്ക അതിനുമേലെ രണ്ടുകൈകൊണ്ടും പിടിക്കും. കുത്തിയോട്ടത്തിന്റെ പ്രധാന ചടങ്ങ് ‘ചൂരല്‍ മുറിയല്‍ ‘ ആണ്. വളരെ നേര്‍ത്ത വെള്ളിക്കമ്പി ഈ ബാലന്മാരുടെ ഇടുപ്പിലെ തൊലിയിലൂടെ കുത്തിയിറക്കുന്നതാണ് ചൂരല്‍ മുറിയല്‍ ചടങ്ങ്. ഇടുപ്പിലെ തൊലി നേരത്തെ തന്നെ ആശാന്മാര്‍ കൈവിരലുകള്‍ കൊണ്ട് നേര്‍പ്പിച്ചെടുക്കും. ചൂരല്‍ മുറിഞ്ഞു കഴിഞ്ഞാല്‍ അവിടെ എള്ളിലത്താളികൊണ്ട് ധാരകോരിക്കൊണ്ടെയിരിക്കും. വേദനിക്കാതിരിക്കാനും അണുബാധ ഉണ്ടാവാതിരിക്കാനുമാണിത്. ആ എള്ളിലത്താളി വീണ് ഉടുത്ത പട്ട് നനയാതിരിക്കാനാണ് വാഴയില കൊണ്ട് ഉടുപ്പിക്കുന്നത്. ഘോഷയാത്ര പാട്ടും മേളവും ചുവടുമായി അമ്പലത്തിലെത്തിക്കഴിഞ്ഞാല്‍ ശ്രീകോവിലിനു നേരെ നിന്ന് ചൂരല്‍ എടുത്തുമാറ്റും. ആ സമയത്ത് ഒന്നു രണ്ടുതുള്ളി ചോര ശ്രീകോവിലിന്റെ മുന്‍പില്‍ വീഴും. ഈ ചോരവീഴ്ത്തലാണ് നരബലിക്കു പകരമായി കരുതുന്നത്. ഇതുകഴിഞ്ഞാല്‍ പിന്നെ ഈ കുട്ടികളെ ഒരുപാട് സമ്മാനങ്ങളൊക്കെ കൊടുത്ത് പറഞ്ഞയയ്ക്കും.

1 comment: