അനുഷ്ഠാനകലകള്‍: കണ്യാര്‍ക്കളി (Anushttana Kalakal : Kanyar Kali)
പാലക്കാട് ജില്ലയിലെ ഒരു അനുഷ്ഠാനകലയാണ് കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ് കണ്യാര്‍ക്കളി നടക്കുന്നത്.എല്ലാ കൊല്ലവും മേടമാസത്തിലാണ് കണ്യാര്‍കളി നടക്കാറുള്ളത്. വിഷുവേല
കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി
അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉര്‍വ്വരാരാധനാപരമാണ്
കണ്യാര്‍കളി. ഭഗവതിക്ഷേത്രങ്ങളില്‍പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വെച്ചാണ്
കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടിക്കൊണ്ടാണ് കളി. ചിലയിടങ്ങളില്‍
മൂന്നും ചിലയിടങ്ങളില്‍ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തിവരുന്നത്.ഈ നാടന്‍കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്. .ദേവസ്തുതികളോടെ കണ്യാര്‍ക്കളി
ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്.ഇടയ്ക്കു പൊറാട്ടുകള്‍
രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ് കണ്യാര്‍ക്കളി
നടത്തുന്നത്.പന്തലിന് ചില പ്രത്യേകതകളുണ്ട്.പന്തലിന് എട്ടു
കാലുകള്‍.ഒമ്പതാമത്തെ നടുക്ക്.ആ കാലിനു ചുവട്ടില്‍ പീഠവും വാളും
കുത്തുവിളക്കും വയ്ക്കും.
വട്ടക്കളി, പൊറാട്ടുകളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്.
ഈശ്വരപ്രീതിയ്ക്കായുള്ള അനുഷ്ഠാനകലയാണ് വട്ടക്കളി എങ്കില്‍
നാടോടിനാടകാവതരണമാണ് പൊറാട്ടുകളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ
പ്രായത്തിലുമുള്ളവര്‍ ഒന്നിച്ച് ആവേശപൂള്‍വ്വം പാടി, ചുവടുവെച്ച്
കളിപ്പന്തലിലേയ്ക്ക് കടന്നുവരും. ഇവരെ നയിച്ചുകൊണ്ട് പള്ളിവാളും
ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നുതവണ
പ്രദക്ഷിണംവെച്ച് കരക്കാര്‍ പൊറാട്ടുവേഷക്കാള്‍ക്കുവേണ്ടി കളിപ്പന്തല്‍ ഒഴിഞ്ഞുകൊടുക്കുന്നു.ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതില്‍ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യഭക്തരായ ആണ്ടികള്‍ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉള്‍ക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനാല്‍ വള്ളോര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.
ഒരു കണ്യാര്‍കളി സംഘത്തില്‍ 6മുതല്‍ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.കേളികൊട്ട് കഴിഞ്ഞാല്‍ താളവട്ടം എന്ന പേരില്‍ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കല്‍ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാന്‍ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും
എടുത്താണ് അരങ്ങത്ത് പ്രവേശിക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്.
ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ
ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവപാര്‍വതി സ്തുതിയും മറ്റുചില
ദേവീസ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്.
ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന
വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ.